Karipur Air India Express Crash അഞ്ചു മിനിറ്റ് വൈകി; വിമാനം പോയി; അഫ്സലിന് ജീവിതം തിരിച്ചുകിട്ടിയതിങ്ങനെ

Last Updated:

കരിപ്പൂരിൽ അപകടത്തിനിടയായ ദുബായ്-കോഴിക്കോട് IX1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാതെപോയത് ജീവിതത്തിലേക്കുള്ള ഒരു മടക്ക ടിക്കറ്റായാണ് അഫ്സൽ കാണുന്നത്.

ദുബായ്: കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിന്‍റെ ഞെട്ടലിൽനിന്ന് ഇപ്പോഴും ആരും മുക്തരായിട്ടില്ല. എന്നാൽ അഞ്ചു മിനിട്ട് വൈകിയതുകൊണ്ട് വിമാനം നഷ്ടമായെങ്കിലും, ഇപ്പോൾ ദൈവത്തോട് നന്ദി പറയുകയാണ് അഫ്സൽ എന്ന പ്രവാസി യുവാവ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:35ന് 26 കാരനായ അഫ്സൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താൻ വൈകിയതോടെയാണ് നാട്ടിലേക്കുള്ള വിമാനത്തിൽ കയറാനാകാതെപോയത്. വിമാനത്താവളത്തിൽ ഇമിഗ്രേഷൻ വിഭാഗം നിർദേശിച്ച പിഴ അടയ്ക്കാനാകാത്തതുകൊണ്ടാണ് അഫ്സലിന് വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാതിരുന്നത്. കരിപ്പൂരിൽ അപകടത്തിനിടയായ ദുബായ്-കോഴിക്കോട് IX1344 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കയറാതെപോയത് ജീവിതത്തിലേക്കുള്ള ഒരു മടക്ക ടിക്കറ്റായാണ് അഫ്സൽ കാണുന്നത്.
“ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിൽനിന്നുള്ള വർക്ക് വിസ കാലാവധി ജൂണിൽ അവസാനിച്ചതിനെ തുടർന്ന് ജൂലൈ 10 നകം യുഎഇയിൽ നിന്ന് പുറപ്പെടേണ്ടതായിരുന്നു. കോവിഡ്-19 വ്യാപനത്തെതുടർന്നുള്ള നിയന്ത്രണങ്ങൾ കാരണം എനിക്ക് നാട്ടിലേക്ക് തിരിക്കാൻ കഴിഞ്ഞില്ല. വിസ നീട്ടാൻ ഡിസംബർ വരെ കാലാവധി നൽകിയതോടെ യുഎഇയിൽ തുടരാൻ ഞാൻ ആദ്യം ചിന്തിച്ചു. എന്നാൽ, നാട്ടിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയതോടെ വന്ദേ ഭാരത് സർവീസിൽ തിരിച്ചുപോകുന്നതിനുള്ള അപേക്ഷ നൽകി”- അഫ്സൽ ഗൾഫ് ന്യൂസിനോട് പറഞ്ഞു
advertisement
ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം, ഓഗസ്റ്റ് 7-നുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അഫ്സലിന് ഒരു ടിക്കറ്റ് ലഭിച്ചു.
“എന്റെ ജന്മനാടായ കണ്ണൂരിലെ മട്ടന്നൂരിലേക്ക് പോകാൻ അവസരം ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്, ഒരു വർഷത്തിനുശേഷം എനിക്ക് മാതാവിനെ കാണാൻ കഴിയും. നാട്ടിലെത്തിയാൽ നേരത്തെ പറഞ്ഞുറപ്പിച്ച വിവാഹ നിശ്ചയം നടത്താനാകും. ക്വറന‍റീൻ പൂർത്തിയായശേഷം വിവാഹം നടത്താനു പദ്ധതിയുണ്ടായിരുന്നു”- അഫ്സൽ പറഞ്ഞു.
Also Read- Karipur Air India Express Crash| വിവാഹത്തിനായി നാട്ടിലേക്ക് പുറപ്പെട്ടു; റിയാസ് പറന്നിറങ്ങിയത് മരണത്തിലേക്ക്
“ഓഗസ്റ്റ് 6 ന് ഞാൻ ഷാർജയിലെത്തി. അടുത്ത ദിവസം രാവിലെ ദുബായിലേക്ക് പോകുന്നതിനുമുമ്പ് ഷാർജയിൽ താമസിച്ചു. രാവിലെ 8: 30 ന് വിമാനത്താവളത്തിലെത്തണമായിരുന്നു. നാട്ടിലേക്കു പോകുന്നതിന്‍റെ ആവേശത്തോടെ ഞാൻ തയ്യാറായി. രക്തപരിശോധന പൂർത്തിയാക്കിയതോടെ എനിക്ക് ബോർഡിംഗ് പാസ് ലഭിച്ചു, എന്റെ സീറ്റ് നമ്പർ 18 സി ആയിരുന്നു"- അഫ്സൽ പറഞ്ഞു.
advertisement
"ഉച്ചക്ക് 1: 30 നാണ് ഫ്ലൈറ്റ് ഷെഡ്യൂൾ ചെയ്തിരുന്നത്, വിമാനത്താവളത്തിൽ ക്യൂ നിൽക്കുമ്പോൾ, ആയിഷ എന്ന യാത്രക്കാരിയെ പരിചയപ്പെട്ടു, അവരുടെ ലഗേജ് എടുക്കാനും മറ്റും സഹായിച്ചു.
അതിനിടെ ഇമിഗ്രേഷൻ പരിശോധനയിൽ പിഴ അടയ്ക്കാൻ അഫ്സലിന്‍റെ കൈവശം മതിയായ പണമില്ലായിരുന്നു. ഏകദേശം 500 ദിർഹം കുറവുണ്ടായിരുന്നു. രാവിലെ 10 മുതൽ 12 വരെ വിമാനത്താവളത്തിൽ കാത്തുനിന്നു. യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല.
“ഒടുവിൽ പണമടയ്ക്കാതെ പോകാനുള്ള ഓപ്ഷൻ അവർ എനിക്ക് നൽകി, പക്ഷേ അതു തിരഞ്ഞെടുത്താൽ യുഎഇയിലേക്ക് മടങ്ങാൻ ചില പ്രശ്നങ്ങളുണ്ടാകും. രണ്ട് മാസത്തിന് ശേഷം എനിക്ക് മടങ്ങേണ്ടതുണ്ട്"- അഫ്സൽ പറഞ്ഞു.
advertisement
“വിമാനം പുറപ്പെടാൻ കുറച്ചു സമയം കൂടി ബാക്കിയുള്ളതിനാൽ ബാക്കി പണം സംഘടിപ്പിക്കാൻ എയർഇന്ത്യയിലെ ഉദ്യോഗസ്ഥർ നിർദേശിച്ചു”
അതിനാൽ, ഉച്ചക്ക് 1: 15 ഓടെ അഫ്സൽ തന്റെ മുൻ കമ്പനിയിൽ പബ്ലിക് റിലേഷൻസ് ഓഫീസറായി (PRO) ജോലി ചെയ്യുന്ന തന്റെ സഹപ്രവർത്തകനായ ഇബ്രാഹിം അദ്കറിന് ഫോൺ ചെയ്തു. പണവുമായി ഇബ്രാഹിം മറ്റൊരാളെ വിമാനത്താവളത്തിലേക്ക് അയച്ചു. പണം അടയ്ക്കേണ്ട അവസാന സമയം ഉച്ചയ്ക്ക് 1.30 ആയിരുന്നു. എന്നാൽ സുഹൃത്ത് എത്തിയപ്പോൾ 1.35 ആയിരുന്നു. “ഇതോടെ വിമാനത്തിൽ കയറാനാകില്ലെന്ന് പറഞ്ഞു ബോർഡിംഗ് പാസിന്റെ ഒരു ഭാഗം എനിക്ക് തിരികെ നൽകി, അതുകൊണ്ട് എന്‍റെ ലഗേജുകൾ തിരിച്ചു വാങ്ങാൻ കഴിഞ്ഞു. മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് അവർ എന്നോട് പറഞ്ഞു. ”- അഫ്സൽ പറഞ്ഞു.
advertisement
ലഗേജുകൾ വാങ്ങിയെങ്കിലും യാത്ര മുടങ്ങിയതിൽ സങ്കടം തോന്നിയതിനാൽ അവിടെ തന്നെ കുറേ നേരം ഇരുന്നു. “ഞാൻ ആദ്യം ഉമ്മയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. ഞാൻ ഈ വിമാനത്തിൽ വരില്ലെന്നും ഒരാഴ്ച കഴിഞ്ഞ് വരുമെന്നും പറഞ്ഞു. അബുദാബി പ്രതിരോധ ക്യാമ്പിൽ ജോലി ചെയ്യുന്ന പിതാവിനെ ഇക്കാര്യം അറിയിച്ചു. എന്‍റെ കൈവശം കൂടുതൽ പണമൊന്നുമില്ലാത്തതിനാൽ മറ്റൊരു സഹപ്രവർത്തകൻ വന്നു കൂട്ടിക്കൊണ്ടുപോയി. പിന്നീട് ഡെയ്റയിലുള്ള സഹോദരിയുടെ വീട്ടിൽ കൊണ്ടുവന്നുവിട്ടു.
വിഷമത്തോടെ വീട്ടിലെത്തിയ അഫ്സൽ ക്ഷീണം തോന്നിയതിനാൽ ഉച്ചഭക്ഷണം കഴിച്ച് ഉറങ്ങി. മഗ്‌രിബ് നമസ്കാരത്തോട് അടുത്ത് മാത്രമാണ് ഉണർന്നത്, ഫോൺ ഇടയ്ക്കിടെ റിംഗുചെയ്യുന്നുണ്ടായിരുന്നു.
advertisement
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
“ഇബ്രാഹീമും മറ്റ് ചില സുഹൃത്തുക്കളുമാണ് നിരന്തരം വിളിച്ചുകൊണ്ടിരുന്നത്. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ അപകടത്തിന്‍റെ വിവരങ്ങളാണ് അവർ എന്നോട് പറഞ്ഞത്. എനിക്ക് നഷ്ടമായ ഫ്ലൈറ്റ് കരിപ്പൂരിൽവെച്ച് തകർന്നുവെന്ന്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല!"- അഫ്സൽ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Gulf/
Karipur Air India Express Crash അഞ്ചു മിനിറ്റ് വൈകി; വിമാനം പോയി; അഫ്സലിന് ജീവിതം തിരിച്ചുകിട്ടിയതിങ്ങനെ
Next Article
advertisement
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങൾ ചേർത്ത ബംഗ്ലാദേശ് ഭൂപടം പാകിസ്ഥാന്‍ ജനറലിന് സമ്മാനിച്ച് മുഹമ്മദ് യൂനസ്
  • ബംഗ്ലാദേശ് ഉപദേഷ്ടാവ് പാകിസ്ഥാൻ ജനറലിന് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ചേർത്ത ഭൂപടം നൽകി.

  • ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ബംഗ്ലാദേശ് ഭൂപടം ആശങ്ക ഉയർത്തിയതായി റിപ്പോർട്ട്.

  • ബംഗ്ലാദേശ്-പാകിസ്ഥാന്‍ നീക്കം ഇന്ത്യയുടെ പ്രാദേശിക ഐക്യത്തെ ദുര്‍ബലപ്പെടുത്താനാണെന്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍.

View All
advertisement