നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തലസ്ഥാനത്തെ മേയറുടെ പ്രായം പ്രശ്നമായി തോന്നുന്നവർ ചരിത്രത്തിലേക്കൊന്ന് നോക്കൂ

  തലസ്ഥാനത്തെ മേയറുടെ പ്രായം പ്രശ്നമായി തോന്നുന്നവർ ചരിത്രത്തിലേക്കൊന്ന് നോക്കൂ

  സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോർപറേഷന്റെ ഭരണരഥം തിരിക്കാൻ അനുഭവ സമ്പത്ത് പ്രധാനമല്ലേ എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. എന്നാൽ പ്രായം കുറവായത് ഭരണപാടവത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് തെളിയിച്ച എത്രയോ സംഭവങ്ങൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ കാണാനാകും. ചെറുപ്രായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി പദം വരെയുള്ള പദവികളിലെത്തി കഴിവ് തെളിയിച്ചവർ എത്രയോ ഉണ്ട്, ചൂണ്ടിക്കാണിക്കാൻ.

  News18 Malayalam

  News18 Malayalam

  • Share this:
   വിദ്യാർഥിനിയും 21കാരിയുമായ ആര്യ രാജേന്ദ്രനെ തിരുവനന്തപുരം കോർപറേഷൻ മേയറാക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിന് രാഷ്ട്രീയ എതിരാളികൾ പോലും കൈയടിക്കുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കോർപറേഷൻ മേയറാവുകയാണ് ആര്യ. രാഷ്ട്രീയ ഭേദമന്യേ കൈയടികൾ നിറയുമ്പോൾ, ചിലർക്ക് ഇതത്ര പിടിക്കുന്നില്ല. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കോർപറേഷന്റെ ഭരണരഥം തിരിക്കാൻ അനുഭവ സമ്പത്ത് പ്രധാനമല്ലേ എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്. എന്നാൽ പ്രായം കുറവായത് ഭരണപാടവത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് തെളിയിച്ച എത്രയോ സംഭവങ്ങൾ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കിയാൽ കാണാനാകും. വളരെ ചെറിയ വയസിൽ തന്നെ പഞ്ചായത്ത് പ്രസിഡന്റ് മുതൽ പ്രധാനമന്ത്രി പദം വരെയുള്ള പദവികളിലെത്തി കഴിവ് തെളിയിച്ചവർ എത്രയോ ഉണ്ട്, ചൂണ്ടിക്കാണിക്കാൻ.

   കാൽനൂറ്റാണ്ട് മുൻപ് 21 കാരി പഞ്ചായത്ത് പ്രസിഡന്റ്

   സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റിനെ സമ്മാനിച്ചത് മുസ്ലിം ലീഗായിരുന്നു. 25 വര്‍ഷം മുമ്പ് പൊന്നാനിയിലെ മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായി ഖദീജ മൂത്തേടത്ത് അധികാരമേൽക്കുമ്പോൾ അവർക്ക് 21 വയസ് മാത്രം. 1995 ല്‍ കന്നിയങ്കത്തിനിറങ്ങിയ ഖദീജ അന്ന് മുസ്ലിം ലീഗിനു വേണ്ടിയാണ് മത്സരിച്ചത്. ഖദീജയുടെ മിന്നുന്ന വിജയം രേഖപ്പെടുത്തിയ പഴയ ഒരു പത്രറിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാര്‍ജ്ജിച്ചതോടെ ആര്യ രാജേന്ദ്രനൊപ്പം ഖദീജ മൂത്തേടത്തും സമൂഹ മാധ്യമ ഇടങ്ങളില്‍ 'യൂത്ത് ഐക്കൺ' ആവുകയാണ്.

   പൊന്നാനി എംഇഎസ് കോളജില്‍ നിന്നും പ്ലീഡിഗ്രി കഴിഞ്ഞ് സീതി സാഹിബ് മെമ്മോറിയല്‍ കോളജില്‍ നിന്നും പോളിടെക്നിക്ക് ഡിപ്ലോമയും കരസ്ഥമാക്കിയ ശേഷമാണ് ഖദീജ പൊതുപ്രവര്‍ത്തനത്തിനിറങ്ങിയത്. 5 തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള ഇവര്‍ നിലവില്‍ മലപ്പുറം ജില്ലയുടെ വനിതാലീഗ് വൈസ് പ്രസിഡന്റാണ്. മൂന്നുപ്രാവശ്യത്തില്‍ കൂടുതല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവര്‍ ഇത്തവണ മത്സരിക്കേണ്ട എന്ന് പാര്‍ട്ടി നിലപാടെടുത്തതോടെ ഖദീജ മത്സരരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ പഞ്ചായത്ത് രാജ് നിയമം തുടങ്ങിയ അതേ വര്‍ഷം തന്നെ മത്സരരംഗത്തിറങ്ങിയ ഖദീജയ്ക്ക് 1995ല്‍ പ്രസിഡന്റാകാന്‍ നറുക്ക് വീഴുകയായിരുന്നു.

   Also Read-  'എല്ലാവരുടെയും ജനപ്രതിനിധിയായി മാറും'; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രൻ

   എ കെ ആന്റണി

   1977ൽ എകെ ആന്റണി കേരളത്തിന്റെ മുഖ്യമന്ത്രിയാകുമ്പോൾ 37വയസായിരുന്നു. അന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആന്റണി ചരിത്രത്തിന്റെ ഭാഗമായി. 1985ൽ 33ാമത്തെ വയസിൽ പ്രഫല്ലകുമാർ മഹന്ത അസം മുഖ്യമന്ത്രിയാകുന്നതുവരെ ഈ റെക്കോർഡ് ആന്റണിയുടെ പേരിലായിരുന്നു.
   ഇപ്പോഴും കേരളത്തിലെ ഏറ്റവും പ്രായം  കുറഞ്ഞ മുഖ്യമന്ത്രിയുടെ റെക്കോർഡ് ആന്റണിക്ക് തന്നെ. കേരള മുഖ്യമന്ത്രിയായ ശേഷം കേന്ദ്രമന്ത്രിയായ ആദ്യത്തെയാളും ആന്റണിയാണ്. 1977ൽ കെ കരുണാകരൻ ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ആന്റണി പകരം മുഖ്യമന്ത്രിയാകുന്നത്. ഈ സമയം എംഎൽഎയായിരുന്നില്ല അദ്ദേഹം. ആറുമാസത്തിനുള്ളിൽ കഴക്കൂട്ടത്ത് നിന്ന് ഉപതെരഞ്ഞെടുപ്പിൽ ആന്റണി മത്സരിച്ച് ജയിക്കുകയായിരുന്നു.

   ചെറുപ്പത്തിൽ തന്നെ ആന്റണി പാർട്ടിയുടേയും സർക്കാരിന്റെയും ഉയർന്ന പദവികളിൽ നിയമിതനായി. 1969ൽ 29-ാം വയസിൽ കെപിസിസി ജനറൽ സെക്രട്ടറി, 1970ൽ 30-ാം വയസിൽ യുഡിഎഫ് കൺവീനറും നിയമസഭാ അംഗവും, 1973ൽ 33-ാം വയസിൽ കെപിസിസി പ്രസിഡന്റ്, 1977ൽ 37-ാം വയസിൽ കേരള മുഖ്യമന്ത്രി, 1984ൽ 44-ാം വയസിൽ എഐസിസിയുടെ ജനറൽ സെക്രട്ടറി എന്നീ പദവികൾ ആന്റണിയെ തേടിയെത്തി.

   രമേശ് ചെന്നിത്തല

   1986ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയാകുമ്പോൾ രമേശ് ചെന്നിത്തലയ്ക്ക് പ്രായം 29 കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായാണ് അന്ന് ചെന്നിത്തല ചരിത്രത്തിൽ ഇടംനേടിയത്. 26-ാം വയസിലാണ് ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭ അംഗമായത്. ചെറുപ്പത്തിൽ തന്നെ പാർട്ടിയിലെ സുപ്രധാന പദവികൾ ചെന്നിത്തലയെ തേടിയെത്തി. 1989ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് മത്സരിച്ചു ജയിച്ച് ലോക്സഭയിലെത്തി. 1997ൽ എഐസിസിയുടെ ജനറൽ സെക്രട്ടറിയായി നിയമിതനായി.

   Also Read- തിരുവനന്തപുരം കോർപറേഷൻ മേയർ; ആര്യ രാജേന്ദ്രൻ സ്വന്തമാക്കുന്നത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി

   25-ാം വയസിൽ മാത്യു ടി തോസും ബാലകൃഷ്ണപിള്ളയും

   കേരള നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം മാത്യു ടി. തോമസ് ആണ്. മാത്യു ടി. തോമസ് 8-ാം നിയമസഭയിൽ അംഗമാകുമ്പോൾ 9313 ദിവസം (25 വയസ് 6 മാസം ഒരു ദിവസം) ആയിരുന്നു പ്രായം. ആർ. ബാലകൃഷ്ണ പിള്ള 2-ാം നിയമസഭയിൽ അംഗമാകുമ്പോൾ 9471 ദിവസം (25 വയസ് 11 മാസം 5 ദിവസം) ആയിരുന്നു പ്രായം.

   പി.കെ. ജയലക്ഷ്മി

   പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു പി കെ ജയലക്ഷ്മി. 2011ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗമാകുമ്പോൾ 31വയസായിരുന്നു. കേരളസംസ്ഥാന മന്ത്രിസഭയിൽ അംഗമാകുന്ന ആറാമത്തെ വനിതയായിരുന്നു ജയലക്ഷ്മി. കേരളവർമ പഴശിരാജയുടെ പടയാളികളായിരുന്ന പാലോട്ട് കുറിച്യത്തറവാട്ടുകാരുടെ പിൻമുറക്കാരിയായ ജയലക്ഷ്മി അമ്പെയ്ത്ത് മത്സരങ്ങളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല അമ്പെയ്ത്തുമത്സരത്തിൽ വെള്ളിമെഡലും കിർത്താഡ്സ് സംഘടിപ്പിച്ച തലയ്ക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരത്തിൽ സ്വർണമെഡലും നേടിയിട്ടുണ്ട്.

   രാജീവ് ഗാന്ധി

   1984ൽ ഇന്ത്യൻ പ്രധാനമന്ത്രിയാകുമ്പോൾ രാജീവ് ഗാന്ധിക്ക് 40 വയസ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പദവിയിൽ തിളങ്ങി. 1981ൽ  37ാം വയസിലാണ്  അദ്ദേഹം എംപിയാകുന്നത്.

   കേംബ്രിഡ്ജിലെ ട്രിനിറ്റി കോളജിലും ലണ്ടനിലെ ഇംപീരിയൽ കോളജിലുമായി പഠനം നടത്തിയെങ്കിലും ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കേംബ്രിഡ്ജിലെ പഠനസമയത്ത് പരിചയപ്പെട്ട ഇറ്റാലിയൻ വംശജയായ സോണിയാ മൈനോ എന്ന പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചു. പിന്നീട് രാജീവ് ഇന്ത്യൻ എയർലൈൻസിൽ വൈമാനികനായി ഉദ്യോഗത്തിൽ ചേർന്നു. രാഷ്ട്രീയത്തിൽ രാജീവ് തീരെ തൽപ്പരനായിരുന്നില്ല. എന്നാൽ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെ പൊതുരംഗത്തേക്ക് വരികയായിരുന്നു. ഇന്ദിരയുടെ മരണത്തോടെ രാജീവിനെ കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തു.

   1984 ലെ പൊതു തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലിമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ്സിനെ രാജീവ് അധികാരത്തിലെത്തിച്ചു. മത്സരിച്ച 491 ൽ 404 സീറ്റുകൾ കരസ്ഥമാക്കിയാണ് അത്തവണ കോൺഗ്രസ്സ് വിജയിച്ചത്.

   ജനാധിപത്യത്തിന് മുൻപും...

   1924ൽ തിരുവിതാംകൂറിന്റെ മഹാരാജാവായി ശ്രീ ചിത്തിര തിരുനാൾ അവരോധിക്കപ്പെട്ടപ്പോൾ വെറും 12 വയസ്. പ്രായക്കുറവു കാരണം ചിത്തിര തിരുനാളിന് 18  തികയുന്നതുവരെ അമ്മയുടെ ജ്യേഷ്ഠസഹോദരി സേതുലക്ഷ്മിബായി രാജപ്രതിനിധി (റീജന്റ്) ആയി രാജ്യം ഭരിച്ചു. 1931 നവംബർ 6നു ചിത്തിര തിരുനാൾ സ്വന്തം നിലയിൽ തിരുവിതാംകൂരിന്റെ ഭരണം ആരംഭിച്ചു, അതോടെ റീജെന്റ് ഭരണം അവസാനിച്ചു.
   Published by:Rajesh V
   First published:
   )}