ന്യൂയോർക്ക്: ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനാണ് കമലയുടെ പേര് നിര്‍ദേശിച്ചത്. നിലവില്‍ കലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ കറുത്ത വർഗക്കാരിയും ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയുമാണ് കമല. അതേസമയം, കമലയുടെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിൽ തനിക്ക് അഭിമാനം. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചതാണിത്. ഞങ്ങളൊരുമിച്ച് ട്രംപിനെ പരാജയപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. ബൈഡനുള്ള മറുപടിയായി കമല ട്വിറ്ററില്‍ കുറിച്ചത് രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് ബൈഡന്‍ എന്നാണ്. കോവിഡില്‍ അടിപതറി നില്‍ക്കുന്ന ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാകും ബൈഡന്‍- കമല കൂട്ടുകെട്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. 78 കാരനായ ബൈഡന്‍ പ്രസിഡന്റ് ആയാലും 55 കാരിയായ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയാലും ചരിത്രമാകും.
2016ൽ കാലിഫോർണിയയിൽ നിന്നുള്ള ആദ്യ കറുത്തവർഗക്കാരിയായ സെനറ്ററായ കമല ഹാരിസ്, ഇനി അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന കറുത്ത വർഗക്കാരിയായ ആദ്യ ഇന്ത്യൻ വംശജയാകും. ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ ബൈഡന്റെ ശക്തയായ വിമർശകയായിരുന്നു കമല ഹാരിസ് പിന്നീട് അദ്ദേഹത്തിന്റെ അനുയായിയായി മാറുകയായിരുന്നു. 55 കാരിയായ കമല ഹാരിസ് അമേരിക്കയുടെ ചരിത്രത്തിൽ തന്നെ പ്രസിഡൻഷ്യൽ ടിക്കറ്റിനായി മത്സരിക്കുന്ന നാലാമത്തെ വനിതയാണ്. സംവാദ വേദികളിലെല്ലാം ബൈഡനെക്കാൾ വളരെ ഊർജസ്വലമായ പ്രചാരണ ശൈലിയാണ് കമലയുടേത്. വ്യക്തിപരമായ ഐഡന്റിറ്റിയും കുടുംബ കഥയും കേൾവിക്കാർക്ക് പ്രചോദനമേകുന്നതാണ്. അഭിഭാഷക എന്ന നിലയിൽ തിളക്കമുള്ള കരിയറാണ് കമലയുടേത്.
കമല ഹാരിസിന്റെ മാതാവ് ശ്യാമള ഗോപാലന്‍ ഇന്ത്യക്കാരിയാണ്. തമിഴ്നാട്ടില്‍ ചെന്നൈയിലെ ബ്രാഹ്മണ കുടുംബത്തില്‍നിന്നുള്ള ശ്യാമള 1960കളില്‍ അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പിതാവ് ഡൊണാള്‍ഡ് ഹാരിസ് ജമൈക്കന്‍ വംശജനാണ്. 2011 മുതൽ 2017 വരെ കാലിഫോർണിയയുടെ അറ്റോണി ജനറൽ സ്ഥാനം വഹിച്ചു. 2016 മുതൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കാലിഫോർണിയയെ പ്രതിനിധീകരിക്കുന്ന ജൂനിയർ സെനറ്ററാണ്.
[NEWS]ബാക്കി കരിമീനൊക്കെ എവിടുന്നു വരുന്നു? കേരളത്തിലെ കരിമീന്‍ ഉല്‍പാദനം 20 ശതമാനം മാത്രമെന്ന് കണക്കുകൾ [NEWS] 'ഹിന്ദു കുടുംബങ്ങളുടെ സ്വത്തിൽ മകൾക്കും തുല്യാവകാശം: 2005 ന് മുൻപ് പിതാവ് മരിച്ചവർക്കും വിധി ബാധകം': സുപ്രീംകോടതി[NEWS]
2016 ൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശേഷം, കോൺഗ്രസ് ഹിയറിംഗിനിടെ ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ പേരിൽ അവർ പെട്ടെന്ന് ശ്രദ്ധ നേടി. "കമല ഹാരിസ് ഫോർ ദ പീപ്പിൾ" എന്ന മുദ്രാവാക്യമുയർത്തി 2019 ന്റെ തുടക്കത്തിൽ ഹാരിസ് തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. തിരക്കേറിയ ഡെമോക്രാറ്റിക് പ്രൈമറിയിലെ ഏറ്റവും ഉയർന്ന മത്സരാർത്ഥികളിൽ ഒരാളായ അവർ ഓക്‌ലാൻഡിൽ നടന്ന ആദ്യ പ്രചാരണ റാലിയിലേക്ക് 20,000 ആളുകളെ ആകർഷിച്ചു. എന്നാൽ ആദ്യഘട്ടം കഴിഞ്ഞപ്പോൾ പതുക്കെ അവർ പിന്മാറി. ധനസമാഹരണവും വെല്ലുവിളി തീർത്തപ്പോൾ പ്രൈമറി വോട്ടുകൾ രേഖപ്പെടുത്തുന്നതിന് രണ്ടുമാസം മുൻപ് 2019 ഡിസംബറിൽ അവർ മത്സരത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
കൊറോണ വൈറസിനുള്ള ചികിത്സയായി മലേറിയ മരുന്ന് ഹൈഡ്രോക്സിക്ലോറോക്വിൻ പ്രചരിപ്പിച്ചതിന് ട്രംപിനെതിരെ കമല ഹാരിസ് തുറന്നടിച്ചു, ഇത് ഫലപ്രദമായ ചികിത്സയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല, കൂടുതൽ ദോഷകരമാകാം. പോലീസ് കസ്റ്റഡിയിലുള്ള ജോർജ്ജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിഷയത്തിലും കമല ഹാരിസ് ശക്തമായി രംഗത്ത് വന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: America, Donald trump, Kamala Harris