'സ്വന്തം കൃത്യനിർവഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്‍റെ കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ ശ്രേയസ്ക്കരം'; സംസ്കൃത ശ്ലോകത്തോടെ മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി

Last Updated:

പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ഗവർണർ

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നല്‍കിയ കത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മറുപടി. പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഗവർണർ, മുഖ്യമന്ത്രിയുടെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായതിലും അതൃപ്തി അറിയിച്ചു. സംസ്കൃത ശ്ലോകം ഉൾപ്പെടെയാണ് ഗവർണറുടെ മറുപടി.
പ്രത്യേക സഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചിരുന്നത്. എന്നാൽ അടിയന്തരമായി നിയമസഭ വിളിക്കാനുള്ള കത്തില്‍ കാരണം വ്യക്തമാക്കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിശദീകരിച്ചില്ല. മുഖ്യമന്ത്രി നല്‍കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മന്ത്രിസഭയുടെ ആവശ്യങ്ങള്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ ഗവര്‍ണര്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധമാണ്. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ല, രാഷ്ട്രപതിയും ഗവര്‍ണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടത്. പഞ്ചാബും ഷംസീര്‍ സിങ്ങും തമ്മിലുള്ള കേസില്‍ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്, സഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാര്‍ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാര്‍ശ ചെയ്താല്‍ അതനുസരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണ്. സഭ വിളിക്കാന്‍ മന്ത്രിസഭ ശുപാര്‍ശചെയ്താല്‍ അത് നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. കീഴ്‌വഴക്കങ്ങളും അതുതന്നെയാണ് എന്നിവയായിരുന്നു മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് നല്‍കിയ കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍.
advertisement
എന്നാൽ മുഖ്യമന്ത്രിയുടെ കത്തില്‍ പറഞ്ഞ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണ്. സർക്കാർ ആരോപിക്കുന്ന കാര്യങ്ങൾ താൻ ചെയതിട്ടില്ല. പ്രത്യേക സമ്മേളനത്തിനായി ചട്ടപ്രകാരമുള്ള അപേക്ഷയല്ല സർക്കാരിൽ നിന്ന് വന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് നല്‍കിയ അനുമതി പിന്‍വലിച്ച് പ്രത്യേക സമ്മേളനം ചേരാനുള്ള അടിയന്തര സാഹചര്യം എന്താണെന്ന ചോദ്യത്തിനു സർക്കാർ മറുപടി നൽകിയില്ലെന്നും ഗവര്‍ണറുടെ മറുപടി കത്തിൽ പറയുന്നു.
advertisement
അതീവ രഹസ്യസ്വഭാവമുള്ളത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. എന്നാൽ തനിക്ക് കത്ത് കിട്ടുമ്പോൾ തന്നെ കൈരളി ചാനലിൽ ആ വാർത്ത വായിക്കുന്നത് കേട്ടു എന്നും ഗവർണർ കത്തിൽ പറയുന്നു.
ഗവർണറുടെ മറുപടിയിൽ നിന്ന്-
നിയമസഭയുടെ ഒരു അടിയന്തര സമ്മേളനം വിളിച്ചുവരുത്താനുള്ള നിർദ്ദേശത്തെക്കുറിച്ച് എന്റെ ചോദ്യങ്ങളിൽ ഞാൻ ഒരിക്കലും ഉന്നയിച്ചിട്ടില്ലാത്ത വിഷയങ്ങളെക്കുറിച്ച് കത്തിൽ നിരവധി വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ വാദങ്ങൾക്ക് പ്രസക്തമായ ഫയലിൽ അടങ്ങിയിരിക്കുന്ന പശ്ചാത്തലവുമായി ഒരു ബന്ധവും ഇല്ല. ബന്ധപ്പെട്ട ഫയലിന്റെ ഭാഗമായി നിങ്ങളുടെ കത്ത് വന്നിരുന്നെങ്കിൽ ഉചിതമായിരിക്കുമെന്ന് തോന്നുന്നു. കേരള നിയമസഭ നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും 3 (2) പ്രകാരം നിയമസഭ വിളിച്ചുചേർക്കുന്നത് സംബന്ധിച്ചിടത്തോളം, മന്ത്രിസഭയുടെ തീരുമാനത്തിന് ഗവർണർ ബാധ്യസ്ഥനാണെന്നും കഴിഞ്ഞ ഒരു വർഷത്തിലേറെയായി നിയമസഭയുടെ സമ്മേളനങ്ങൾ വിളിക്കാൻ അനുമതി നൽകിയിരുന്ന കാര്യവും ഗവർണർ ചൂണ്ടിക്കാട്ടുന്നു.
advertisement
സഭ വിളിക്കാൻ 15 ദിവസത്തിന് മുൻപേ അനുമതി തേടണമെന്നാണ് ചട്ടം. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ സഭ വിളിച്ചുചേർക്കാനുള്ള അനുമതി തേടിയ, നിലവിലെ വിഷയത്തിൽ ഇത് 24 മണിക്കൂര്‍ മുൻപെ മാത്രമാണ്. ചട്ടങ്ങളുടെ യഥാർത്ഥ അർത്ഥത്തിൽ നിന്ന് വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഓഫീസിന്റെ കടമയാണ്. 17നാണ് ക്യാബിനറ്റ് 2021 ജനുവരി എട്ടിന് നിയമസഭ വിളിക്കാൻ അനുമതി തേടാൻ തീരുമാനിച്ചത്. 18ന് ഇതു സംബന്ധിച്ച ഫയൽ എന്റെ ഓഫീസിലെത്തി. 19ഉം 20ഉം അവധി ദിവസമായിരുന്നു. 21ന് ഉച്ചയ്ക്ക് തന്നെ ഫയലിന്മേൽ താൻ അനുമതി നൽകി. അന്നു തന്നെ ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മടക്കി അയക്കുകയും ചെയ്തു.
advertisement
21ന് ഉച്ചയ്ക്ക് ശേഷം നിയമസഭ വിളിച്ചുചേർക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുകയാണെന്നും 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ അനുമതി തരണമെന്നും കാട്ടി കുറിപ്പ് രാജ്ഭവനിലെത്തി. എന്നാൽ ഈ കുറിപ്പിൽ ഗൗരവമായ ചില വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സഭ വിളിക്കുന്നത് എന്നല്ലാതെ, എന്താണ് കാരണമെന്ന് പറയുന്നില്ല. അതിനാൽ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. 21നായിരുന്നു ഇത്. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്യാനാണെന്ന് ഇതിന് മറുപടിയായി അറിയിച്ചു.
advertisement
“അസംബ്ലി വിളിച്ചുചേർക്കേണ്ടതിന്റെ കാരണങ്ങൾ വ്യക്തമായി പറയാൻ ഞാൻ താങ്കളോട് അഭ്യർത്ഥിച്ചപ്പോൾ, ഞാൻ ഉദ്ദേശിച്ചത് അപ്രതീക്ഷിതമായി ഉയർന്നുവന്ന പ്രശ്നങ്ങളോ സാഹചര്യങ്ങളോ വിശദീകരിക്കുക എന്നതാണ്, ഈ പ്രശ്‌നങ്ങൾ ഉൾപ്പെടുന്ന മേഖലയെക്കുറിച്ചുള്ള പൊതുവായ വിവരണമല്ല. വാസ്തവത്തിൽ, കാർഷിക മേഖലയിൽ ചില ഗുരുതരമായ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിൽ, കേരളത്തിലെ കാർഷിക സമൂഹം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ, ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും നമ്മുടെ സംസ്ഥാനത്തെ കർഷകരെ സഹായിക്കുന്നതിനും സർക്കാർ എന്ത് അടിയന്തര നടപടികളാണ് സ്വീകരിച്ചതെന്ന് അറിയുന്നത് അഭികാമ്യമാണ് ”.- എന്ന് ഉന്നയിച്ച്  മറുപടി നൽകി.
advertisement
ഇതിനുള്ള മറുപടിയിലാണ് ഡൽഹിയിലെ കർഷക പ്രതിഷേധങ്ങളെക്കുറിച്ചാണ് പരാമർശിച്ചതെന്ന് ഭാഗികമായെങ്കിലും താങ്കള്‍ സമ്മതിക്കുന്നത്. പ്രശ്നപരിഹാരത്തിന്, താങ്കളുടെ അധികാരപരിധിയിൽ വരാത്ത ഒരു വിഷയത്തെ കുറിച്ചാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്. ഈ വിഷയത്തിൽ അടിയന്തരമായി സഭാ സമ്മേളനം  വിളിക്കുന്നതിന്റെ ആവശ്യകത ഇതിലും പറയുന്നില്ല. ഡൽഹിയിലെ കർഷക സമരം ഇപ്പോൾ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. ജനുവരി എട്ടിന് സഭാ സമ്മേളനം വിളിക്കാൻ അനുമതി തേടാനും പിന്നീട് അത് പിന്‍വലിച്ച് 23ന് പ്രത്യേക സഭാ സമ്മേളനം വിളിക്കാൻ അനുമതി തേടാനും തീരുമാനിച്ചതിന് പിന്നിൽ അടിയന്തരമായി എന്തു സംഭവിച്ചുവെന്നാണ് ചോദിച്ചതെന്നും ഗവർണർ പറയുന്നു. എന്നാൽ ഇക്കാര്യം താങ്കൾ വിശദീകരിക്കുന്നില്ല.
അടുത്തിടെ കേരള പൊലീസ് ഓർഡിനൻസിന് അനുമതി തേടിയിരുന്നു. ഇതു സംബന്ധിച്ച വിഷയം പുനഃപരിശോധിക്കുമെന്ന പ്രതീക്ഷയിൽ മൂന്നാഴ്ച ഈ ഫയലിൽ ഞാൻ കാത്തിരുന്നു. അവസാനം ഞാൻ ഒപ്പിടുകയും എന്നാൽ പൊതുജനാഭിപ്രായത്തെ തുടർന്ന് ഒരാഴ്ചയ്ക്കുള്ളിൽ ഓർഡിനൻസ് പിൻവലിക്കേണ്ടിയും വന്നു.
സഭ അടിയന്തരമായി വിളിച്ചുചേർക്കണമെന്ന ആവശ്യം നിരാകരിക്കുകയായിരുന്നില്ല. ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് താൻ ചെയ്തത്. ഇതിന് മറുപടി പറയുന്നതിന് പകരം ഞാൻ ഉന്നയിക്കാത്ത കാര്യങ്ങൾക്ക് മറുപടി പറയാനാണ് താങ്കൾ ശ്രമിച്ചത്.
ഇന്നലെ, അതായത് 22.12.2020, താങ്കളുടെ ഓഫീസ് എന്റെ ഒ‌എസ്‌ഡിയെ രാത്രി 7 മണിയോടെ വിളിക്കുകയും ഗവർണർ തന്നെ തുറക്കേണ്ട ഒരു കത്ത് അയയ്ക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു. താങ്കളുടെ കത്ത് 'രഹസ്യാത്മകം' എന്ന് അടയാളപ്പെടുത്തിയ കവറിൽ എത്തി. പക്ഷെ എന്നെ വേദനിപ്പിച്ച കാര്യം, ഞാൻ നിങ്ങളുടെ കത്ത് വായിക്കുമ്പോൾ, ഈ രഹസ്യ കത്തിലെ ഉള്ളടക്കങ്ങൾ കൈരളി ടിവി ചാനലിലെ അവതാരകൻ വായിക്കുകയായിരുന്നു.
കോവിഡ് -19 നെ നേരിടാൻ താങ്കൾ ചെയ്ത അതിശയകരമായ  പ്രവർത്തനത്തിനും താങ്കൾ സ്വീകരിച്ച മറ്റ് സംരംഭങ്ങൾക്കും കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞാൻ നിങ്ങളെയും മറ്റ് മന്ത്രിമാരെയും നിരവധി തവണ അഭിനന്ദിച്ചു. കഴിഞ്ഞ മാസം എന്നെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ കാണിച്ച നിങ്ങളുടെ വ്യക്തിപരമായ ആശങ്കയ്ക്ക് എനിക്ക് നന്ദിയുണ്ട്. ഞാൻ നിങ്ങളെ വളരെയധികം ബഹുമാനിക്കുന്നു, നിങ്ങളുമായോ എന്റെ സ്വന്തം സർക്കാരുമായോ തർക്കത്തിൽ ഏർപ്പെടാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ വർഷം, ഞാൻ നിയമസഭയെ അഭിസംബോധന ചെയ്യാൻ വന്നപ്പോൾ ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു, “നിങ്ങൾ ഒരു കമ്മ്യൂണിസ്റ്റാണെന്ന് എനിക്കറിയാം. ഏതെങ്കിലും ഒരു സംഘടിത മതത്തിന്റെ ആശയം മാത്രം പിന്തുടരുന്നയാളല്ലെങ്കിലും ഞാൻ ഒരു വിശ്വാസിയാണെന്നും പറഞ്ഞിരുന്നു. പക്ഷേ ഞാൻ തിരുവെഴുത്തുകളെ ജ്ഞാനത്തിന്റെ കലവറയായി കണക്കാക്കുന്നു ”. അന്ന് ഞാൻ ഗീതയിൽ നിന്നുള്ള ഒരു ശ്ലോകം ഉദ്ധരിച്ചു''
'ശ്രേയാന്‍ സ്വധര്‍മോ വിഗുണ: പരധര്‍മാത്സ്വനുഷ്ഠിതാത്; സ്വധര്‍മേനിധനം ശ്രേയ: പരധര്‍മോ ഭയാവഹ:"- "ഒരാള്‍ക്ക് വിധിക്കപ്പെട്ടിട്ടുള്ള ചുമതലകള്‍ തെറ്റോടുകൂടിയാണെങ്കിലും നിറവേറ്റുകയെന്നത്, അന്യരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതിനേക്കാള്‍ നല്ലതാകുന്നു. സ്വന്തം കൃത്യനിര്‍വ്വഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്‍റെ കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ ശ്രേയസ്ക്കരം തന്നെയാകുന്നു. അന്യരുടെ വഴി സ്വീകരിക്കുന്നത് ആപല്‍ക്കരമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വന്തം കൃത്യനിർവഹണത്തില്‍ നാശമോ തെറ്റോ സംഭവിക്കുന്നത് മറ്റുള്ളവന്‍റെ കര്‍മ്മം ചെയ്യുന്നതിനേക്കാള്‍ ശ്രേയസ്ക്കരം'; സംസ്കൃത ശ്ലോകത്തോടെ മുഖ്യമന്ത്രിക്ക് ഗവർണറുടെ മറുപടി
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement