ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളത്തിലെയും തമിഴ്നാട്ടിലെയും ആഘോഷമാണ് തിരുവാതിര. മംഗല്യവതികളായ സ്ത്രീകൾ നെടുമാംഗല്യത്തിനു വേണ്ടിയും കന്യകമാർ വിവാഹം വേഗം നടക്കാൻ വേണ്ടിയും തിരുവാതിര വ്രതം എടുക്കുന്നു. സൂര്യോദയത്തിനുമുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോയമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വെച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ എന്നിവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ.