അറിയുമോ, നിങ്ങൾക്ക് 20 ലോക്സഭാ മണ്ഡലങ്ങളും

Last Updated:

സംസ്ഥാനത്ത് ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരം.

തിരുവനന്തപുരം: രാജ്യം തെരഞ്ഞെടുപ്പ് ചൂടിലാണ്. സംസ്ഥാനത്ത് ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരം. 20 ലോക്സഭാ മണ്ഡലങ്ങളുടെയും ചരിത്രം, പോരാട്ടവഴികൾ, ഓരോ മണ്ഡലത്തിലും ആർക്കാണ് മുൻതൂക്കം... ഇക്കാര്യങ്ങൾ പരിശോധിക്കുകയാണ് ഇവിടെ.
1. കാസർകോട്: പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കാസർകോട്. മുൻ എംഎൽഎയായ കെപി സതീഷ് ചന്ദ്രനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിനായി രാജ്മോഹൻ ഉണ്ണിത്താനും ബിജെപിക്കായി രവീശ തന്ത്രി കുണ്ടാറും എത്തിയതോടെ മണ്ഡലം പോരാട്ട ചൂടിലേക്ക് എത്തിയിരിക്കുകയാണ്. തുടർന്ന് വായിക്കുക
2. കണ്ണൂർ: സിപിഎമ്മിന്‍റെ ചുവപ്പുകോട്ടയായി കണ്ണൂർ ജില്ല അറിയപ്പെടുമ്പോഴും, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കൂടുതലും വിജയിച്ചിട്ടുള്ളത് കോൺഗ്രസ്. 2014ലെ പോരാട്ടത്തിന്‍റെ തനിയാവർത്തനമാണ് ഇത്തവണയും കണ്ണൂരിൽ സിറ്റിങ് എം.പി പി.കെ. ശ്രീമതി ഇടത് സ്ഥാനാർത്ഥിയായും മുൻ എം.പിയും കഴിഞ്ഞ തവണ പരാജയപ്പെട്ട കോൺഗ്രസ് നേതാവ് കെ. സുധാകരൻ യുഡിഎഫിനുവേണ്ടിയും മത്സരരംഗത്തുണ്ട്. മുതിർന്ന നേതാവ് സി.കെ. പദ്മനാഭനാണ് എൻഡിഎ സ്ഥാനാർത്ഥി. തുടർന്ന് വായിക്കുക
advertisement
3. വടകര: ശക്തമായ രാഷ്ട്രീയപോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. പി. ജയരാജനെ സ്ഥാനാർത്ഥിയാക്കി പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും, കെ മുരളീധരനെ രംഗത്തിറക്കിയ യുഡിഎഫ് ട്വിസ്റ്റ് വടകരയെ ശ്രദ്ധേയമാക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി വി.കെ സജീവനും ഇവിടെ പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു. തുടർന്ന് വായിക്കുക
4. കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, ബേപ്പൂർ, കുന്ദമംഗലം, കൊടുവള്ളി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇവയില്‍ യുഡിഎഫ് കൈവശമിരിക്കുന്നത് കോഴിക്കോട് സൗത്ത് മാത്രം. തുടർന്ന് വായിക്കുക
advertisement
5. വയനാട്: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യു.ഡി.എഫ് സ്ഥാനാർഥിയായതോടെ ശ്രദ്ധേയമായ മണ്ഡലം. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പരന്നു കിടക്കുന്ന ലോക്സഭാ മണ്ഡലമാണ് വയനാട്. സംസ്ഥാനത്തെ ഏറ്റവും പുതിയ ലോക്സഭാ മണ്ഡലങ്ങളിൽ ഒന്നായ വയനാട് ഇതുവരെ നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനൊപ്പം നിന്നു. തുടർന്ന് വായിക്കുക
6. മലപ്പുറം: മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ്. മുമ്പ് മഞ്ചേരിയായിരുന്നപ്പോൾ 2004ൽ ടി.കെ. ഹംസയിലൂടെ ഇടതുമുന്നണി അട്ടിമറി ജയം നേടിയിട്ടുണ്ട്. സിറ്റിങ് എം.പി. പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി മണ്ഡലം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എൽഡിഎഫ് ആകട്ടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനുവിനെയാണ് കളത്തിലറക്കിയിട്ടുള്ളത്. വി. ഉണ്ണികൃഷ്ണനാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി. തുടർന്ന് വായിക്കുക
advertisement
7. പൊന്നാനി: മുസ്‌ലിംലീഗിന്റെ പൊന്നാപുരം കോട്ടയെന്നാണ് വിളിപ്പേര്. എന്നാൽ 2009ലെ മണ്ഡല പുനർനിർണയത്തോടെ സ്ഥിതി മാറി. 2009ൽ 82,684 വോട്ടായിരുന്ന യുഡിഎഫ് ഭൂരിപക്ഷം 2014ൽ 25,410 ആയി കുറഞ്ഞു. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ യുഡിഎഫ് ഭൂരിപക്ഷം 1404 വോട്ടായി. തുടർന്ന് വായിക്കുക
8. പാലക്കാട്: പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എൽഡിഎഫ് കളത്തിലിറക്കുമ്പോൾ വി.കെ ശ്രീകണ്ഠൻ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാർ എൻഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു. തുടർന്ന് വായിക്കുക
advertisement
9. ആലത്തൂർ: സംസ്ഥാനത്തെ രണ്ട് സംവരണ മണ്ഡലങ്ങളിലൊന്ന്. മലയാളികളുടെ അഭിമാനമായ കെ.ആർ നാരായണൻ ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ച ഒറ്റപ്പാലമാണ് പിന്നീട് ആലത്തൂർ ആയി മാറിയത്. കഴിഞ്ഞ രണ്ടുതവണയായി സിപിഎമ്മിലെ പി.കെ. ബിജുവാണ് ആലത്തൂരിൽനിന്ന് വിജയിച്ചത്. ഇത്തവണ യുഡിഎഫ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യാ ഹരിദാസിനെ കളത്തിലിറക്കിയാണ് മണ്ഡലം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്. തുടർന്ന് വായിക്കുക
10. തൃശൂർ: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കോട്ട, ലീഡറുടെ തട്ടകം ഇവയൊക്കെയായിരുന്നു തൃശൂര്‍ ലോക്‌സഭ മണ്ഡലമെങ്കിലും ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ്. ദുര്‍ബലരെന്ന് കരുതിയവരെ വിജയിപ്പിക്കുകയും കരുത്തന്മാരെ തറപറ്റിക്കുകയും ചെയ്ത ചരിത്രവും തൃശൂരിനുണ്ട്. തുടർന്ന് വായിക്കുക
advertisement
11. ചാലക്കുടി: പ്രധാന മുന്നണികളെല്ലാം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കനത്ത പോരാട്ടമാണ് ചാലക്കുടി മണ്ഡലത്തിൽ നടക്കുന്നത്. സിറ്റിങ് എം.പി ഇടതു സ്ഥാനാർത്ഥിയായും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ യുഡിഎഫ് സ്ഥാനാർത്ഥിയായും മത്സരിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപി ജനറൽ സെക്രട്ടറി എ.എൻ രാധാകൃഷ്ണനും. തുടർന്ന് വായിക്കുക
12. എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ്കോർപ്പറേഷനുകളിൽ നിന്ന് കോൺഗ്രസ് തുത്തെറിയപ്പെട്ടപ്പോൾ കൊച്ചിൻ കോർപ്പറേഷനിൽ കൂടുതൽ സീറ്റ് നേടി യുഡിഎഫ് ശക്തി തെളിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രവും യുഡിഎഫിനാണ് മുതൽകൂട്ടാകുന്നത്. തുടർന്ന് വായിക്കുക
advertisement
13. ഇടുക്കി: യുഡിഎഫ് കോട്ടയായി അറിയപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി. മൂന്നുതവണയാണ് ഇവിടെനിന്ന് എൽഡിഎഫ് സ്ഥാനാർത്ഥികൾ ജയിച്ചിട്ടുള്ളത്. കഴിഞ്ഞതവണ അട്ടിമറി ജയത്തിലൂടെ പാർലമെന്‍റിൽ എത്തിയ ജോയിസ് ജോർജ് തന്നെയാണ് ഇത്തവണയും ഇടതു സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാൻ ഡീൻ കുര്യാക്കോസ് യുഡിഎഫിനുവേണ്ടി പോരാടുന്നു. ബിഡിജെഎസിലെ ബിജു കൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. തുടർന്ന് വായിക്കുക
14. കോട്ടയം: ഇരുമുന്നണികളെയും പിന്തുണച്ചിട്ടുള്ള മണ്ഡലം ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണൊരുങ്ങുന്നത്. കേരള കോൺഗ്രസ് എമ്മിലെ തോമസ് ചാഴികാടൻ യുഡിഎഫ് സ്ഥാനാർത്ഥിയായും സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ എൽഡിഎഫ് സ്ഥാനാർത്ഥിയായും പി.സി തോമസ് എൻഡിഎ സ്ഥാനാർത്ഥിയായും കോട്ടയത്ത് മത്സരരംഗത്തുണ്ട്. തുടർന്ന് വായിക്കുക
15. ആലപ്പുഴ: കഴിഞ്ഞ രണ്ടുതവണയും കെ.സി വേണുഗോപാൽ ആയിരുന്നു ആലപ്പുഴയിലെ എം.പി. ഇത്തവണ അദ്ദേഹത്തിന്‍റെ അഭാവത്തിൽ ഷാനിമോൾ ഉസ്മാനാണ് ആലപ്പുഴയിൽ മത്സരിക്കുന്നത്. അരൂർ എം.എൽ.എ എ.എം. ആരിഫിനെയാണ് ഇടതുമുന്നണി കളത്തിലറക്കിയത്. അടുത്തിടെ ബിജെപിയിൽ ചേർന്ന കെ.എസ് രാധാകൃഷ്ണനെയാണ് എൻഡിഎ മത്സരിപ്പിക്കുന്നത്. തുടർന്ന് വായിക്കുക
16. മാവേലിക്കര: കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. സിറ്റിങ് എം.പി കൊടിക്കുന്നിൽ സുരേഷ് യുഡിഎഫിനായും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഇടതു സ്ഥാനാർത്ഥിയായും പോരിന് ഇറങ്ങുന്നു. ബിഡിജെഎസിലെ തഴവ സഹദേവനാണ് എൻഡിഎ സ്ഥാനാർത്ഥി. തുടർന്ന് വായിക്കുക
17. പത്തനംതിട്ട: ശബരിമല യുവതീപ്രവേശന വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. 2008ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപീകൃതമായ മണ്ഡലമാണിത്. ക്രൈസ്തവ സഭക്ക് സ്വാധീനമുള്ള മണ്ഡലം. എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾക്കും വേരോട്ടമുണ്ട്. തുടർന്ന് വായിക്കുക
18. കൊല്ലം: ആർ എസ് പിയും കോണ്‍ഗ്രസ്സും സിപിഎമ്മും മാറിമാറി വിജയിച്ച ചരിത്രമാണ് കൊല്ലത്തിനുള്ളത്. കൊല്ലം ലോക്‌സഭാ മണ്ഡലം കഴിഞ്ഞ പത്തുവര്‍ഷമായി യുഡിഎഫിനൊപ്പമാണ്. രണ്ടുലക്ഷത്തോളം വരുന്ന കശുവണ്ടി തൊഴിലാളികളും മത്സ്യത്തൊഴിലാളികളും സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. സാമുദായിക സംഘടനകളുടെ നിലപാടുകളും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനഘടകമാണ്. തുടർന്ന് വായിക്കുക
19. ആറ്റിങ്ങൽ: പഴയ ചിറയിൻകീഴായിരിക്കുമ്പോൾ വമ്പൻമാരുടെ വീഴ്ചകൾക്ക് സാക്ഷ്യം വഹിച്ച മണ്ഡലം.1967ൽ കോൺഗ്രസിലെ ആർ ശങ്കറിനെ വീഴ്ത്തിയത് സിപിഎമ്മിലെ കെ അനിരുദ്ധൻ. 1989ല്‍ മണ്ഡലത്തിൽ കന്നിയങ്കത്തിനെത്തിയ സിപിഎമ്മിന്റെ പ്രമുഖ നേതാവായ സുശീല ഗോപാലന്‍ കോണ്‍ഗ്രസിലെ തലേക്കുന്നില്‍ ബഷീറിനോട് പരാജയപ്പെട്ടു. ഇടതുകോട്ടയായിരുന്ന മണ്ഡലം പിടിക്കാനെത്തിയ വയലാര്‍രവി 1971ലും 1977ലും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാൽ കോൺഗ്രസ്(ഐ)യിലെ എ എ റഹിമിന് മുന്നിൽ 1980ല്‍ പരാജയപ്പെട്ടു. തുടർന്ന് വായിക്കുക
20. തിരുവനന്തപുരം: തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം, കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ നിയമസഭ മണ്ഡലങ്ങളിൽ മൂന്നുവീതം മണ്ഡലങ്ങൾ യുഡിഎഫിനും എൽഡിഎഫിനും ഒപ്പം. ഒരു മണ്ഡലം ബിജെപിയുടെ കൈയിലും. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ശശി തരൂരിനായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ കൂടുതല്‍ കാലം കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന മണ്ഡലം. തുടർന്ന് വായിക്കുക
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അറിയുമോ, നിങ്ങൾക്ക് 20 ലോക്സഭാ മണ്ഡലങ്ങളും
Next Article
advertisement
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR കേന്ദ്ര തിര‌ഞ്ഞെടുപ്പ് കമ്മീഷൻ അടുത്ത മാസം പ്രഖ്യാപിച്ചേക്കും
കേരളത്തിലും തീവ്ര വോട്ടർ പട്ടിക പുതുക്കൽ; രാജ്യവ്യാപക SIR അടുത്തമാസം പ്രഖ്യാപിച്ചേക്കും
  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടികൾ ആരംഭിക്കും.

  • വോട്ടർ പട്ടികയുടെ കൃത്യത ഉറപ്പാക്കാൻ പ്രാദേശിക രേഖകൾ ഉൾപ്പെടുത്താൻ ചർച്ച നടന്നു.

  • കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും.

View All
advertisement